അന്തർദേശീയം

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാരെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാരെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു. ഫ്രാൻസിൽനിന്നുള്ള കർദിനാൾ ഷോൺ മാർക് ആവ്‍ലിൻ മുതൽ ഫിലിപ്പീൻസിലെ ലൂയി അന്റോണിയോ ഗോക്കിം ടാഗ്‍ലേ വരെ പേരുകൾ ഒട്ടേറെ.

കർദിനാൾ ഷോൺ മാർക് ആവ്‍ലിൻ (66) ഫ്രാൻസിലെ മാഴ്സെ അതിരൂപതയുടെ ആർച്ച്ബിഷപ്. സ്പാനിഷ് കുടിയേറ്റക്കാരുടെ മകനായി അൽജീരിയയിൽ ജനിച്ച് മാഴ്സെയിലെത്തി. രൂപസാദൃശ്യംകൊണ്ട് ജോൺ ഇരുപത്തിനാലാമൻ എന്നറിയപ്പെടുന്നു. ഫ്രാൻസിസ് മാർപാപ്പയോട് ആശയാടുപ്പമുള്ള ജനകീയൻ. 2023ൽ മെഡിറ്ററേനിയൻ വിഷയങ്ങളിൽ നടന്ന രാജ്യാന്തര കോൺഫറൻസിന്റെ സംഘാടകൻ. ഇറ്റാലിയൻ ഭാഷ സംസാരിക്കാനറിയില്ല എന്നത് പോരായ്മ.

കർദിനാൾ പീറ്റർ ഏർഡോ (72) സഭയിൽ നവ സുവിശേഷവൽക്കരണത്തിന്റെ നേതൃത്വം വഹിക്കുന്ന ഹംഗറിയിൽനിന്നുള്ള ആർച്ച് ബിഷപ്. യാഥാസ്ഥിതിക–പുരോഗമന പക്ഷങ്ങൾക്കു പ്രിയങ്കരൻ. യൂറോപ്പിലെയും ആഫ്രിക്കയിലെയും സഭാ നേതൃത്വവുമായി നല്ല അടുപ്പം. റഷ്യൻ ഓർത്തഡോക്സ് സഭയുമായി നല്ല ബന്ധം. ബഹുഭാഷാ പണ്ഡിതൻ. കുടിയേറ്റ വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ പരസ്യമായി എതിർത്തിരുന്നു.

കർദിനാൾ മാരിയോ ഗ്രെക് (68) മെത്രാ‌ന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറൽ. മാൾട്ട സ്വദേശി. ഫ്രാൻസിസ് മാ‍ർപാപ്പ തുടക്കമിട്ട നവീകരണ പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ മുൻനിരയിൽ. എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണച്ചു. എല്ലാ കർദിനാൾമാരുമായും നല്ല അടുപ്പം. മാൾട്ടയിൽ മഴയ്ക്കു വേണ്ടിയുള്ള ജനകീയ തീർഥാടനത്തിനു നേതൃത്വം നൽകിയത് ജനപ്രീതി ഉയർത്തി.

കർദിനാൾ യുവാൻ യോസെ ഒമെല്ല (79) ബാർസിലോന ആർച്ച് ബിഷപ്പായ സ്പാനിഷ് കർദിനാൾ. ഫ്രാൻസിസ് മാർപാപ്പയുടെ അതേ പ്രകൃതം. സാമൂഹിക നീതിയുടെ വക്താവ്. സഭ പാവങ്ങൾക്കായി നിലകൊള്ളണമെന്നു ശക്തമായി വാദിക്കുന്നു. സ്പെയിനിലെ മെത്രാൻ സമിതിയുടെ മുൻ അധ്യക്ഷൻ. ഫ്രാൻസിസ് മാർപാപ്പയുടെ നയപിന്തുടർച്ച ആഗ്രഹിക്കുന്നവരുടെ ആദ്യ പരിഗണന.

കർദിനാൾ പിയത്രോ പരോളിൻ (70) ഫ്രാൻസിസ് മാർപാപ്പയുടെ സെക്രട്ടറി. വത്തിക്കാൻ ഭരണത്തിലെ രണ്ടാമൻ. വൈദികനായി മൂന്നാം വർഷം വത്തിക്കാൻ നയതന്ത്രവിഭാഗത്തിലെത്തി. വെനസ്വേല, ചൈന, വിയറ്റ്നാം ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായിരുന്നു. തുടർച്ചയായി 3 തവണ ഇറ്റലിക്കു വെളിയിൽനിന്നുള്ള മാർപാപ്പമാർക്കുശേഷം ഇറ്റലിയിൽനിന്ന് ഏറ്റവും സാധ്യതയുള്ളയാൾ. ഒട്ടേറെ ഭാഷകളിൽ പ്രാവീണ്യം.

കർദിനാൾ ലൂയി അന്റോണിയോ ഗോക്കിം ടാഗ്‍ലേ (67) ഫിലിപ്പീൻസിലെ മനില ആർച്ച്ബിഷപ്. ഏഷ്യയിൽനിന്നുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യത കൽപിക്കുന്നയാൾ. ദീർഘകാല ഭരണപരിചയം. 2019 ൽ പ്രേഷിതപ്രവർത്തനത്തിനുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ. 2015 മുതൽ 2022 വരെ കാരിത്താസ് ഇന്റർനാഷനലിന്റെ നേതൃത്വം വഹിച്ചു.

കർദിനാൾ ജോസഫ് ടോബിൻ (72) ന്യൂആർക് ആർച്ച്ബിഷപ്. 2009–12ൽ ബനഡിക്ട് മാർപാപ്പയുടെ സെക്രട്ടറിയായിരുന്നു. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യതയുള്ളയാൾ. ബാലപീഡന വിവാദത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ ശക്തമായി പിന്തുണച്ചു. എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു.

കർദിനാൾ പീറ്റർ കൊട്‍വോ ടർക്സൻ (76) ആഫ്രിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യത കൽപിക്കുന്ന ഘാനക്കാരൻ. വത്തിക്കാനിലെ ഒട്ടേറെ വകുപ്പുകളിൽ ദീർഘകാല ഭരണപരിചയം. എല്ലാ കർദിനാള്‍മാരുമായും നല്ല ബന്ധം. 2009 ൽ നീതിക്കും സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവനായി. 2021 മുതൽ ശാസ്ത്ര, സാമൂഹികശാസ്ത്ര പൊന്തിഫിക്കൽ അക്കാദമികളുടെ തലവൻ.

കർദിനാൾ മറ്റിയോ മരിയ സുപ്പി (69) ഇറ്റലിയിലെ ബൊളോഞ്ഞ ആർച്ച്ബിഷപ്. ഫ്രാൻസിസ് മാർപാപ്പയുമായി നല്ല അടുപ്പം. ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് പ്രവർത്തനം സാധാരണ ജനങ്ങൾക്കൊപ്പം. സൈക്കിളിൽ സഞ്ചരിക്കാൻ മടി കാണിക്കാത്ത ആർച്ച്ബിഷപ്. റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ സമാധാനശ്രമത്തിനുള്ള മാർപാപ്പയുടെ പ്രതിനിധിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button