കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി 220 ഏക്കര്‍ ഭൂമി കൂടി കൈമാറി : മന്ത്രി പി രാജീവ്

കൊച്ചി : കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 220 ഏക്കര്‍ ഭൂമിയ കൂടി കൈമാറിയതായി മന്ത്രി പി രാജീവ്. ആദ്യഘട്ടത്തില്‍ കൈമാറിയ 105.26 ഏക്കറിന് പുറമെയാണ് പാലക്കാട് താലൂക്കിലെ പുതുശ്ശേരിയില്‍ 220 ഏക്കര്‍ ഭൂമി കൂടി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് കൈമാറിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.
ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബല്‍ സിറ്റിയുടെ അനുമതിക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്. ഭക്ഷ്യ സംസ്കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ നൂതന മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ പാലക്കാട് ഉയര്‍ന്നു വരുമെന്നും ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുമെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
മന്ത്രി പി രാജീവ് ഫെയ്സ്ബുക്കില്‍ പങ്കിട്ട കുറിപ്പ് :-
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകര്‍ന്നുകൊണ്ട് സംസ്ഥാന ഓഹരിയായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയില്‍ 220 ഏക്കര്‍ ഭൂമി കൂടി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് കൈമാറി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് സ്ഥലം കൈമാറിയത്. ഇതിന് മുന്‍പ് 105.26 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് കൈമാറിയിരുന്നു.
2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കല്‍ കിന്‍ഫ്ര പൂര്‍ത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തതിന് ശേഷം കേന്ദ്രാനുമതി ലഭിക്കാന്‍ നിരവധി തവണ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയെന്ന നിലയില്‍ ഞാനും യൂണിയന് മിനിസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി. 2024 ആഗസ്ത് മാസം അവസാനമാണ് കേന്ദ്രാനുമതി ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. സെപ്തംബര്‍ മാസത്തില്‍ ഒരിക്കല്‍ കൂടി പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. ഒക്ടോബര്‍ മാസത്തില്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തി. ഡിസംബര്‍ മാസത്തില്‍ നമ്മള് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് 105.26 ഏക്കര്‍ ഭൂമി കൈമാറുകയും ചെയ്തു. എല്ലാം സുഗമമായി മുന്നോട്ടുപോകുകയാണ്. ഈയൊരു പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബല്‍ സിറ്റിയുടെ അനുമതിക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്.
ഭക്ഷ്യ സംസ്കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ നൂതന മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ പാലക്കാട് ഉയര്‍ന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും.