അന്തർദേശീയം

ഗ്രീൻകാർഡുള്ളതുകൊണ്ട് ആയുഷ്‌കാലം അമേരിക്കയിൽ കഴിയാമെന്ന് കരുതേണ്ട : യു.എസ്. വൈസ് പ്രസിഡന്റ്

വാഷിങ്ടണ്‍ : ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക്‌ എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന്‌ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് . അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്‍മനെന്റ് റെസിഡന്‍സി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്നാണ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന അര്‍ഥമാക്കുന്നത്.

ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. നമ്മുടെ സമൂഹത്തില്‍ ആരെയൊക്കെ ചേര്‍ക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയിലെ ജനങ്ങളാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും വാന്‍സ് പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രകടനത്തെ തുടര്‍ന്ന് ട്രംപ് ഭരണകൂടം ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ജെ.ഡി.വാന്‍സിയുടെ പ്രതികരണം. ഹമാസ് അനുകൂലിയാണെന്ന് ആരോപിച്ച് മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ്‌ റദ്ദാക്കാനുള്ള നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേകുറിച്ച് സംസാരിക്കവേയാണ് വാന്‍സ് ഈ പ്രസ്താവന നടത്തിയത്.

പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ക്ക് മേല്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റമാണ് മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റ് എന്നാണ് ട്രംപ് വിരുദ്ധര്‍ ആരോപിക്കുന്നത്. ന്യൂയോര്‍ക്കില്‍നിന്ന് അറസ്റ്റ് ചെയ്ത ഖലീല്‍ ഇപ്പോള്‍ ലൂസിയാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ചോദ്യം ചെയ്തതിനാലാണ് ഖലീലിനെ നാടുകടത്താന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.

1952-ല്‍ പാസാക്കിയ അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് അനുസരിച്ച് ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വിദേശ നയത്തിന് പ്രതികൂലമാകുന്നുണ്ടെങ്കില്‍ ഇവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശം നല്‍കുന്നുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ വളരെ അപൂര്‍വ്വം സാഹചര്യത്തില്‍ മാത്രമേ പ്രയോഗിക്കാറൂള്ളൂവെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഖലീല്‍ എങ്ങനെയാണ് വിദേശ നയത്തിന് ഭീഷണിയാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button