അന്തർദേശീയംടെക്നോളജി

എട്ടാം പരീക്ഷണവും പരാജയം; ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി സ്റ്റാർഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു

ലോസ് ആഞ്ചെലെസ് : ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസിൽ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്.

വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറിയായിരുന്നു ഇത്.

സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യൻ ഇതുവരെ നിർമ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ്. 121 മീറ്ററാണ് സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റർ, മുകളിലെ സ്റ്റാർഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പർ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റർ എഞ്ചിനുകളാണ് സൂപ്പർ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം. സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫ്ലോറിഡയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button