ചെയ്യുന്ന ജോലിയുടെ പേരില്‍ തനിക്ക് ധാരാളം വധഭീഷണികള്‍ ലഭിക്കുന്നു : ആദ്യ കാബിനറ്റ് യോഗത്തിൽ ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക് : ചെയ്യുന്ന ജോലിയുടെ പേരില്‍ തനിക്ക് ധാരാളം വധഭീഷണികള്‍ ലഭിക്കുന്നതായി വ്യവസായിയും കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്)തലവനുമായ ഇലോണ്‍ മസ്ക്. രണ്ടാം ഭരണത്തിലെ ട്രംപിന്റെ ആദ്യമന്ത്രിസഭാ യോഗത്തിലാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ടെക് സപ്പോർട്ട്’ എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ഇന്നലെ ഇലോൺ മസ്ക് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്തത്. ഡോജിന്റെ പ്രവര്‍ത്തനം എങ്ങനെ പോകുന്നുവെന്ന് ട്രംപ് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മസ്ക് തനിക്ക് ലഭിക്കുന്ന വധഭീഷണികളെക്കുറിച്ച് വെളിപ്പെടുത്തിയത്. യോഗത്തില്‍ ആദ്യം സംസാരിക്കാൻ അവസരം ലഭിച്ചതും ഇലോൺ മസ്കിനു തന്നെയായിരുന്നു.
ഇതിനകം തന്നെ നിരവധി ജീവനക്കാരെയാണ് പ്രകടനം മോശമാണെന്ന് ആരോപിച്ച് മസ്ക് പുറത്താക്കിയത്. കുറെ പേര്‍ ഇനിയും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുമുണ്ട്. എന്നാല്‍ മസ്കിനെ പുകഴ്ത്തിയാണ് ട്രംപ് സംസാരിച്ചത്. നിങ്ങളുടെ സേവനം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘അദ്ദേഹം ശരിക്കും കഠിനാധ്വാനം ചെയ്യുകയാണ്. ഇങ്ങനെ മുന്നോട്ടുപോകുമ്പോള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ‘ഡോജും’ എല്ലാ തികഞ്ഞതല്ലെന്നും തെറ്റുകൾ സംഭവിക്കുമെന്നും മസ്ക് പറഞ്ഞു. എന്നാൽ ഞങ്ങൾ തെറ്റ് ചെയ്യുമ്പോൾ വേഗത്തിലത് ശരിയാക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം മസ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ആർക്കെങ്കിലും അതൃപ്തിയുണ്ടോ എന്ന് ചോദിച്ച ട്രംപ് ഇനി ഉണ്ടെങ്കിൽ അവരെ ഇവിടെ നിന്ന് പുറത്താക്കുമെന്നും വ്യക്തമാക്കുന്നു.
ജോലിയോട് നീതി പുലര്‍ത്തണമെന്നും അല്ലെങ്കില്‍ പറഞ്ഞുവിടുമെന്നും കാണിച്ച് ‘ഡോജ്’ അയക്കുന്ന ഇ-മെലുകളില്‍ ചില കാബിനറ്റ് അംഗങ്ങൾ നിരാശ പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെയും മസ്കിന്റെയും പരാമര്‍ശം.