കാക്കനാട് കൂട്ട ആത്മഹത്യ: അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ; കുറിപ്പ് കണ്ടെത്തി

കൊച്ചി : എറണാകുളം കാക്കനാട് കൂട്ട ആത്മഹത്യ. കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനകത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ക്വാട്ടേഴ്സിന്റെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടിലെത്തി. അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഹിന്ദിയിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ശാലിനി വിജയ്യുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹത്തിന് 4 മുതൽ 5 ദിവസം വരെ പഴക്കമുണ്ട്. മൂവരുടെയും മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മനീഷിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം കിടക്കയിലുമായിരുന്നു ഉണ്ടായിരുന്നത്.
അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ഝാര്‍ഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.