പരിശീലകൻ മിഖായേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി
കൊച്ചി: പരിശീലകൻ മിഖായേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി . സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡിഷ് കോച്ചിനേയും സഹപരിശീലകരേയും പുറത്താക്കിയത്. ഇത്തവണ ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനുമെതിരായ അവസാനം നടന്ന രണ്ടുമാച്ചിലും ടീം തോറ്റിരുന്നു. ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ക്ലബിനെതിരെ ആരാധക കൂട്ടമാണ് മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിക്കുകയും ചെയ്തു. തുടർ തോൽവികളിൽ പ്രതിഷേധം കനത്തതോടെയാണ് മാനേജ്മെന്റ് പരിശീലകനെ പുറത്താക്കുന്ന കടുത്ത നടപടിയിലേക്ക് കടന്നത്.