ദേശീയം

കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്‌ണ അന്തരിച്ചു

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ എസ്.എം കൃഷ്‌ണ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.

1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2004 മുതൽ 2008 വരെ മഹാരാഷ്‌ട്ര ഗവർണറായി പ്രവർത്തിച്ചു. 2009 മുതൽ 2012വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ടിച്ചു. 1989 മുതൽ 1993വരെ കർണാടക വിധാൻ സഭയുടെ സ്‌പീക്കറായിരുന്നു. 2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. 1962ൽ പ്രജാ സോഷ്യലിസ്റ്റ് പാ‌ർട്ടിയിലൂടെ രാഷ്‌ട്രീയത്തിലേയ്ക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനുമായിരുന്നു. 2023ൽ പത്മവിഭൂഷൺ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിരുന്നു.

ബംഗളൂരുവിനെ ‘ഇന്ത്യയുടെ സിലിക്കൺ വാലി’യാക്കി മാറ്റിയതിൽ എസ് എം കൃഷ്‌ണ മുഖ്യ പങ്ക് വഹിച്ചു. കൃഷ്‌ണയുടെ നേതൃത്വത്തിലാണ് ബംഗളൂരു ഐടി ഹബ്ബായി വളർന്നത്. മുഖ്യമന്ത്രിയായിരിക്കെ ബംഗളൂരു അജണ്ട ടാസ്‌ക് ഫോഴ്‌സ് (ബിഎടിഎഫ്) രൂപീകരിച്ചു. അതിൽ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

ഡല്ലാസിലെ സത്തേൺ മെത്തോഡിസ്റ്റ് സർവകലാശാലയിലും യുഎസിലെ ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിലുമായിരുന്നു പഠനം. 1960ൽ നിയമവിദ്യാർത്ഥിയായിരിക്കെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്ന ജോൺ എഫ് കെന്നഡിക്കായി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.മികച്ചൊരു ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button