തിരുവനന്തപുരം മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി മരുന്ന് അമേരിക്കയില്‍ നിന്ന്
തിരുവനന്തപുരം : തലസ്ഥാനത്തെ മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്നും മരുന്ന് എത്തിച്ച് അധികൃതര്‍. ത്വക്ക് രോഗ ചികിത്സയ്ക്കായി ആറ് വയസ്സുകാരി ഗ്രേസി എന്ന പെണ്‍സിംഹത്തിനാണ് ‘സെഫോവേസിന്‍’ എന്ന മരുന്ന് എത്തിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളായി സിംഹത്തിന് പരാമ്പരഗത ചികിത്സ തുടര്‍ന്നെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് അമേരിക്കയില്‍ നിന്നും മരുന്ന് എത്തിക്കാന്‍ തീരുമാനിച്ചത്. 15,000 രൂപ വീതം വിലയുള്ള നാലു ഡോസ് മരുന്നുകളാണ് എത്തിച്ചത്.
ചികിത്സയെത്തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കുറയുന്നതായി മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ പറഞ്ഞു. രണ്ടാഴ്ചയില്‍ ഒരു തവണ എന്ന രീതിയിലാണ് മരുന്ന് നല്‍കുന്നതെന്നും മൂന്നാഴ്ച മുന്‍പാണ് മരുന്ന് നല്‍കി തുടങ്ങിയതെന്നും ഡോക്ടര്‍ പറഞ്ഞു
അടുത്തിടെയായി സിംഹത്തിന് കാന്‍സര്‍ ആണെന്ന് സംശയിച്ചെങ്കിലും ബയോപ്‌സിയില്‍ അര്‍ബുദമല്ലെന്ന് കണ്ടെത്തി. പിന്നീടാണ് ‘ ക്രോണിക് അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ‘എന്ന രോഗമാണെന്ന് കണ്ടെത്തിയതും അമേരിക്കയില്‍ നിന്ന് മരുന്ന് എത്തിച്ച് ചികിത്സ ആരംഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
രോഗം മാറുന്നതോടെ ഗ്രേസിയെ ചെന്നൈയിലെ വെണ്ടല്ലൂര്‍ മൃഗശാലയ്ക്കു നല്‍കി പകരം മറ്റൊരു പെണ്‍സിംഹത്തെ അവിടെ നിന്ന് എത്തിക്കും. ജനിതക ഗുണമേന്മ കൂടിയ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായാണ് ഇത്തരം കൈമാറ്റം . മൃഗശാലയില്‍ തന്നെ ഉണ്ടായിരുന്ന ആയുഷ് – ഐശ്വര്യ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രേസി. ജന്മനാ പിന്‍കാലുകള്‍ക്ക് സ്വാധീനക്കുറവുണ്ടായിരുന്നതിനാല്‍ പ്രത്യേക പരിചരണം നല്‍കിയാണ് വളര്‍ത്തിയത്.