അന്തർദേശീയം

താലിബാൻ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകം; അറിവ് നേടാനുള്ള അവകാശം ഖുര്‍ ആന്‍ ഉയര്‍ത്തുന്നുണ്ട് : റാഷിദ് ഖാൻ

കാബൂൾ : അഫ്​ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ വിലക്കേർപ്പെടുത്തുന്ന താലിബാൻ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. രാജ്യത്ത് വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ താലിബാൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയാണ് താരം ആഞ്ഞടിച്ചത്. നഴ്സിങ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇനി മുതൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികാരികൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ റാഷിദ് ഖാൻ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്ന് റാഷിദ് ഖാൻ അഭിപ്രായപ്പെട്ടു. ‘ വനിത ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും. അറിവ് നേടാന്‍ വനിതകള്‍ക്കുള്ള അവകാശം ഖുര്‍ ആന്‍ ഉയര്‍ത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിന്‍വലിക്കണം. എല്ലാ മുസ്ലീം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാണ്. പുതിയ തീരുമാനങ്ങളില്‍ എനിക്ക് നിരാശ തോന്നുന്നു. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.’ റാഷിദ് കുറിച്ചു.

നമ്മുടെ സഹോദരിമാര്‍ക്ക് വിശുദ്ധ മതത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. അഫ്ഗാനിസ്ഥാനിലെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും വേണ്ടിയുള്ള വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് വേദനയോടെ അല്ലാതെ കാണാന്‍ കഴിയുന്നില്ല. ഈ തീരുമാനം അവരുടെ ഭാവിയെ മാത്രമല്ല, അഫ്ഗാന്‍ സമൂഹത്തെ മൊത്തത്തില്‍ ബാധിക്കും. വനിതാ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ക്ഷാമം ആശങ്കാജനകമാണ്. നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ ശരിക്കും മനസ്സിലാക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ നല്‍കുന്ന പരിചരണം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സാമൂഹികമായ ഒരു ഉത്തരവാദിത്തം മാത്രമല്ല, നമ്മുടെ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച ധാർമികമായ കടമ കൂടിയാണ്.” റാഷിദ് അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ യുഎസ് അധിനിവേശത്തിനു ശേഷം 2021 ഓഗസ്റ്റിലാണ് താലിബാൻ അധികാരം പിടിച്ചത്. പിന്നാലെ സ്കൂളുകളിൽ ഏഴാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. സർവകലാശാലകളിൽ ഉൾപ്പെടെ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാടാണ് താലിബാന്റേത്. പാർക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button