അനധികൃത കുടിയേറ്റക്കാരുടെ വരവിനെ പ്രതിരോധിക്കുന്നതിൽ മാൾട്ട വിജയിക്കുന്നതായി കണക്കുകൾ
അനധികൃത കുടിയേറ്റക്കാരുടെ വരവിനെ പ്രതിരോധിക്കുന്നതില്‍ മാള്‍ട്ട വിജയിക്കുന്നതായി കണക്കുകള്‍. അനധികൃത കുടിയേറ്റം തടയാനുള്ള മാള്‍ട്ടയുടെ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയതോടെ 2020 മുതല്ക്കുള്ള കണക്കുകളില്‍ ഇവരുടെ എണ്ണത്തില്‍ കുറവുവരുന്നുണ്ടെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വെളിവാക്കുന്നത്. ലിബിയന്‍ കടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കുടിയേറ്റ ബോട്ട് തടയുന്നതിന് മാള്‍ട്ടയും ലിബിയയും തമ്മില്‍ ഒപ്പുവെച്ച അക്കാലത്ത് വിവാദമായ കരാറാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ മാള്‍ട്ടയെ സഹായിച്ചത്.
2011 മുതല്‍ 15,000ത്തിലധികം ആളുകളാണ് ക്രമരഹിതമായി മാള്‍ട്ടയിലേക്ക് പ്രവേശിച്ചത്. ഇതില്‍ വെറും 3,500 പേര് മാത്രമാണ് മടങ്ങിപ്പോവുകയോ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്തതെന്ന് പാര്‍ലമെന്റില്‍ മേശപ്പുറത്ത് വച്ച വിവരങ്ങള്‍ കാണിക്കുന്നു. 2021 മുതല്‍, ഇത്തരക്കാരുടെ വരവ് തടയുന്നതിന് മാള്‍ട്ടക്ക് കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ 3,405 പേരാണ് മാള്‍ട്ടയില്‍ എത്തിയത്. ഒരുവര്‍ഷം മാള്‍ട്ടയില്‍ എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ കണക്കില്‍ ഒരു റെക്കോഡായിരുന്നു അത്. എന്നാല്‍ ലിബിയന്‍ കരാര്‍ പ്രാബാല്യത്തില്‍ വന്ന 2020ല്‍ ഈ എണ്ണം 2,281 ആയി കുറഞ്ഞു. ഇരു രാജ്യങ്ങളും വാലറ്റയിലും ട്രിപ്പോളിയിലും കുടിയേറ്റ ബോട്ടുകള്‍ തടയാനുള്ള ഏകോപന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതാണ് മാള്‍ട്ടക്ക് നേട്ടമായത്. കഴിഞ്ഞ വര്‍ഷം 380 അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണ് മാള്‍ട്ടയില്‍ എത്തിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ അത് 155 മാത്രമാണ്.
2011 മുതല്‍ 1,130 ക്രമരഹിത കുടിയേറ്റക്കാരെ നാടുകടത്തിയതായി കണക്കുകള്‍ കാണിക്കുന്നു. ഇതില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും(830 പേര്) 2021 നും 2024 നും ഇടയിലാണ് നാടുകടത്തപ്പെട്ടത്. 2011 മുതല്‍, ക്രമരഹിതമായി മാള്‍ട്ടയിലെത്തിയ 2,067 പേരെ ഒടുവില്‍ മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു, 2019 ല്‍ മാത്രമായി 619 പേര് മാള്‍ട്ടയില്‍ നിന്ന് മറ്റൊരിടത്തേക്ക് പോയി. 2013 മുതല്‍ 100,000ത്തിലധികം വിദേശ തൊഴിലാളികളെയും ആശ്രിതരെയും ഇറക്കുമതി ചെയ്തതോടെ മാള്‍ട്ടയുടെ ജനസംഖ്യ അതിവേഗം വര്‍ദ്ധിച്ചുവെന്ന് കണക്കിലെടുക്കുമ്പോള്‍ ക്രമരഹിതമായ വരവ് നിസ്സാരമായി മാറുന്നു.