സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്
ലണ്ടന്‍ : 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്.
കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാള്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ ജസ്റ്റിന്‍ ജോര്‍ദാന്‍, യിയുന്‍ ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന്‍ സാഹ്നി എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു. പുരസ്‌കാര ജേതാവിന് 50,000 പൗണ്ട് ആണ് സമ്മാനത്തുക ലഭിക്കുക.
ലോക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികർ 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവൽ പുരോഗമിക്കുന്നത്. യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും മികച്ച സാഹിത്യ പുരസ്കാരമായാണ് ബുക്കർ പ്രൈസ് കണക്കാക്കപ്പെടുന്നത്.