ദേശീയം

യുപി മദ്രസാ നിയമം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : യുപി മദ്രസാ വിദ്യാഭ്യാസ നിയമത്തിന്‍റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചു. മതേതര തത്വം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി, നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അസാധുവാക്കി.

നിയമം മതേതര തത്വം ലഘിക്കുന്നതാണെന്ന ഹൈക്കോടതി വിലയിരുത്തല്‍ പിഴവുകള്‍ നിറഞ്ഞതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ അധികാരം മറികടന്നുകൊണ്ടുള്ള നിയമ നിര്‍മാണമാണെങ്കില്‍ മാത്രമേ നിയമം റദ്ദാക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 12, 21 എന്നിവയ്ക്കു വിരുദ്ധമാണ് 2004ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ ആക്ട് എന്നു വിലയിരുത്തിയാണ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച ഹൈക്കോടതി, വിദ്യാര്‍ഥികളെ സ്കൂളുകളിലേക്കു മാറ്റാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു വേണ്ടി ആവശ്യമെങ്കില്‍ പുതിയ സ്കൂളുകള്‍ തുറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. പതിനേഴു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് യുപിയിലെ മദ്രസകളില്‍ പഠിക്കുന്നത്.

മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി 2004ല്‍ മുലായം സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്രസാ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്രസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് 2024 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ വിവിധ ഹര്‍ജികള്‍ നല്‍കിയത്. കഴിഞ്ഞ മാസം 22നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം പൂര്‍ത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button