അന്തർദേശീയം

ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ് : മരണം 16 ആയി, 30 ലക്ഷം വീടുകളില്‍ വൈദ്യുതിയില്ല

വാഷിങ്ടന്‍ : യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ളോറിഡയില്‍ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി.

30 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. ഇതില്‍ 16 ലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് വിവരം. വൈദ്യുതി പ്രതിസന്ധി വ്യാപാര സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. 5000 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഫ്‌ളോറിഡയില്‍ മില്‍ട്ടന്‍ കൊടുങ്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നൂറ്റാണ്ടിലെ ഭീതിയെന്നാണ് ജോ ബൈഡന്‍ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടത്. മില്‍ട്ടന്‍ കരതൊട്ടതിനു തൊട്ടുപിന്നാലെ ഫ്‌ളോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button