ടോംഗ ദ്വീപസമൂഹത്തിന് സമീപം 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

വെല്ലിങ്ടൺ : ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ടോംഗയ്ക്ക് സമീപം ഭൂചലനം. ചൊവ്വാഴ്ചയാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പമുണ്ടായതിനുപിന്നാലെ ദ്വീപ് നിവാസികളെ ഒഴിപ്പിച്ചു. പ്രദേശത്ത് സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
ഏകദേശം 237 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ പട്ടണമായ നെയാഫുവിന് 153 കിലോമീറ്റർ പടിഞ്ഞാറ് കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ദ്വീപിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉയർന്ന ഇടങ്ങളിലേക്ക് മാറാൻ ടോംഗ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും പോകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ശക്തമായ ഭൂകമ്പമാണ് രേഖപ്പെടുത്തിയതെങ്കിലും യുഎസ്ജിഎസ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉള്ളിൽ വളരെ ആഴത്തിലായതിനാൽ സുനാമി ഭീഷണിയില്ലെന്ന് വ്യക്തമാക്കി. 171 ദ്വീപുകൾ ചേർന്ന ഒരു ദ്വീപസമൂഹമാണ് ടോംഗ. ന്യൂസിലൻഡിൽ നിന്ന് ഏകദേശം 1,800 കിലോമീറ്റർ വടക്കുകിഴക്കായാണ് ടോംഗ സ്ഥിതി ചെയ്യുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇവിടെ താമസിക്കുന്നു. ഭൂരിഭാഗവും പ്രധാന ദ്വീപായ ടോങ്കാടാപുവിലാണ് താമസിക്കുന്നത്. വാവാവു ദ്വീപസമൂഹത്തിന് സമീപമാണ് ഭൂകമ്പമുണ്ടായതെന്നതിനാലാണ് ആളപായമോ നാശനഷ്ടമോ ഉണ്ടാകാഞ്ഞതെന്ന് അധികൃതർ പറയുന്നു.
ലോകത്ത് ഭൂകമ്പവും അഗ്നിപർവത പ്രവർത്തനങ്ങളും കൂടുതലായി സംഭവിക്കുന്ന പസഫിക് റിംഗ് ഓഫ് ഫയറിലാണ് ടോംഗ സ്ഥിതി ചെയ്യുന്നത്. 2022 ൽ പ്രദേശത്ത് അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മൂന്ന് പേർ മരിച്ചു.



