അന്തർദേശീയം

ദ്വിദിന സന്ദർശനം; ഒമാൻ സുൽത്താൻ നാളെ റഷ്യയിലേക്ക്

മസ്‌കത്ത് : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ റഷ്യയിലേക്ക് യാത്ര തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ യാത്ര. ഏപ്രിൽ 21, 22 തീയതികളിലാണ് സന്ദർശനം. റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ള സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖും പുടിനും തമ്മിൽ ചർച്ചകൾ നടക്കും. കൂടാതെ, നിലവിലുള്ള പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തും. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചകൾക്കിടയിലാണ് സുൽത്താന്റെ റഷ്യൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ അൽ സഈദ്, റോയൽ കോർട്ട് കാര്യാലയ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസ്സൻ അൽ മൊസാവി, റഷ്യയിലെ ഒമാൻ സ്ഥാനപതി ഹമൂദ് ബിൻ സാലിം അൽ തുവൈഹ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button