അന്തർദേശീയം

2024ന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്ന് റഷ്യ

യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുമുള്ള പിൻവാങ്ങലെന്നാണ് വിലയിരുത്തൽ.


മോസ്‌കോ: 2024ന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്മാറുമെന്ന് റഷ്യ. സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റഷ്യ അറിയിച്ചു. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുമുള്ള പിന്‍വാങ്ങലെന്നാണ് വിലയിരുത്തല്‍.

പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് മുന്‍പ് പങ്കാളികളായിട്ടുള്ള രാജ്യങ്ങളോടുള്ള കടമ റഷ്യ നിറവേറ്റുമെന്ന് രാജ്യത്തിന്‍റെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്‍റെ പുതിയ മേധാവി യൂറി ബോറിസോവ് പറഞ്ഞു.

അഞ്ച് ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. നാസയ്ക്കും റോസ്കോസ്മോസിനും പുറമേ കാനഡയുടെ സിഎസ്‌എയും (CSA), യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സിയായ ഈസയും (ESA), ജപ്പാന്‍റെ ജാക്‌സസയും പദ്ധതിയുടെ ഭാഗമാണ്. റഷ്യ നിയന്ത്രിക്കുന്ന റഷ്യന്‍ ഓര്‍ബിറ്റല്‍ സെഗ്മെന്‍റും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേര്‍ന്ന് നിയന്ത്രിക്കുന്ന യുണൈറ്റ് സ്റ്റേറ്റ്സ് ഓര്‍ബിറ്റല്‍ സെഗ്മന്‍റും ചേര്‍ന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.

റഷ്യ, യുഎസ്, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായാണ് ബഹിരാകാശ നിലയം നടത്തുന്നത്. 1998ലാണ് ബഹിരാകാശ നിലയത്തിന്‍റെ ആദ്യഭാഗം ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 22 വര്‍ഷമായി ബഹിരാകാശത്ത് മനുഷ്യസാന്നിധ്യമുള്ള പേടകം ആണിത്. ഭൂമിയില്‍ നിന്ന് 250 മൈല്‍ അകലെയുള്ള ഭ്രമണപഥത്തിലെ സ്റ്റേഷനില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് സാധാരണ ഉള്ളത്. ഒരു സംഘം മാസങ്ങളോളം ഇവിടെ താമസിക്കും.

സീറോ ഗ്രാവിറ്റിയില്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്താനും ഭാവി ബഹിരാകാശ യാത്രകള്‍ക്കുള്ള ഉപകരണങ്ങള്‍ പരീക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു. ഒരു ഫുട്ബോള്‍ മൈതാനത്തോളം നീളമുള്ള ഈ ബഹിരാകാശ നിലയത്തില്‍ യുഎസിന്‍റേതും റഷ്യയുടേതുമായി രണ്ട് പ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

റഷ്യയുടെ പിന്‍വാങ്ങലിന് ശേഷം സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നത് തുടരാന്‍ നിലയത്തിന്‍റെ റഷ്യന്‍ ഭാഗം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പാശ്ചാത്യ ഉപരോധത്തില്‍ നിന്ന് മോചനം നേടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റഷ്യയുടെ പ്രഖ്യാപനമെന്നും പറയപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button