ബിഡ്നിജയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഡ്രൈവർ കൊല്ലപ്പെട്ടു , മാൾട്ടയിൽ 2025 ലുണ്ടാകുന്ന ആദ്യ കൊലപാതകം

ബിഡ്നിജയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഡ്രൈവർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ ഒരു റോഡപകടത്തെ തുടർന്നാണ് മോട്ടോർ സൈക്കിൾ യാത്രക്കാരൻ ഡ്രൈവറെ വെടിവച്ചു കൊന്നത്. രാവിലെ 6.30 ഓടെയായിരുന്നു സംഭവം.
സാധാരണയായി ഇരുവശങ്ങളിലേക്കും പോകാവുന്ന തരത്തിലുള്ള ഗ്രാമീണ റോഡാണിത്. പക്ഷേ റോഡിലെ നിർമാണ പ്രവൃത്തികൾ കാരണം സിംഗിൾ ലൈൻ ട്രാഫിക് മാത്രമാണ് നിലവിലുള്ളത്. മോട്ടോർ സൈക്കിളും കാറും ചെറിയ ഉരസൽ ഉണ്ടായതിനു ശേഷമാണ് വെടിവെയ്പ്പ് ഉണ്ടായത്. പ്രകോപിതനായ മോട്ടോർ സൈക്കിൾ യാത്രക്കാരൻ പലതവണ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു.വെടിവെയ്പ്പിൽ പരിക്കേറ്റ 53 കാരനെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ബർമറാഡിൽ വെച്ച് കുഴഞ്ഞുവീണു. ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മരിച്ചു. ഈ വർഷം നടക്കുന്ന ആദ്യത്തെ കൊലപാതകമാണിത്. സംഭവത്തിൽ 46 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, പക്ഷേ അയാളുടെ ആയുധം ഇപ്പോഴും തിരയുകയാണെന്ന് പോലീസ് പറഞ്ഞു.