അന്തർദേശീയം

സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്‌ രാജിവച്ചു

ഖാര്‍ത്തും > രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനിൽ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്‌ രാജി പ്രഖ്യാപിച്ചു. കൂടുതൽ അഭിപ്രായ ഭിന്നതയിലേക്ക്‌ നീങ്ങുന്ന രാഷ്ട്രീയ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടെന്ന്‌ ടെലിവിഷനിലൂടെ രാജി പ്രഖ്യാപിച്ച്‌ അദ്ദേഹം പറഞ്ഞു.

2021 ഒക്ടോബറിൽ ഹാംഡോക്കിന്റെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. വൻ ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കാൻ അട്ടിമറിക്ക്‌ നേതൃത്വം നൽകിയ സൈനിക ഭരണാധികാരി അബ്ദേൽ ഫത്താ അൽ ബുർഹാൻ നിർബന്ധിതനായി. എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ മന്ത്രിസഭ രൂപീകരിക്കാൻഹാംഡോക്കിന്‌ സാധിച്ചില്ല.

 

‘രാജ്യം ദുരന്തത്തിലേക്ക്‌ നീങ്ങുന്നത്‌ തടയാൻ സാധ്യമായതല്ലാം ചെയ്തു. നിർണായക വഴിത്തിരിവിലാണ്‌ രാജ്യം. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാകും’–- ഹാംഡോക്‌ പറഞ്ഞു.

ഹാംഡോക്‌ രാജി പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകം ജനാധിപത്യാനുകൂലികൾ നടത്തിയ പ്രതിഷേധത്തിനെതിരെ പട്ടാളം അക്രമം അഴിച്ചുവിട്ടു. മൂന്നുപേർ കൊല്ലപ്പെട്ടു. ഇതോടെ അട്ടിമറിക്കുശേഷം സൈന്യം വധിച്ച പ്രക്ഷോഭകർ 57 ആയി. പ്രതിഷേധക്കാർക്കെതിരെ കടുത്ത മർദനമുറ സ്വീകരിക്കുന്ന പട്ടാളം വനിതാ പ്രക്ഷോഭകരെ കൂട്ടബലാത്സംഗം ചെയ്ത സംഭവങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

കൂടുതൽ പ്രതിസന്ധിയിലേക്ക്‌

അബ്ദല്ല ഹാംഡോക്‌ രാജിവച്ചതോടെ സുഡാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്‌. 1956ൽ ബ്രിട്ടനിൽനിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം രാജ്യം ഒട്ടനവധി അട്ടിമറിക്ക്‌ സാക്ഷ്യംവഹിച്ചു. 1989ൽ ഒമർ അൽ ബാഷിർ അധികാരം കൈയടക്കിയതും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്.
വൻ ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ ബാഷിറിന്റെ ഏകാധിപത്യ ഭരണത്തിന്‌ 2019 ഏപ്രിലിൽ അന്ത്യമായി.

ഭരണം പട്ടാളവും സിവിലിയന്മാരും ഉൾപ്പെടുന്ന പരമാധികാര കൗൺസിലിന്‌ കൈമാറി. പൂർണ ജനാധിപത്യത്തിന്‌ വഴിയൊരുക്കുകയായിരുന്നു ദൗത്യം. 2021 നവംബറിൽ സിവിലിയൻ നേതൃത്വത്തിന്‌ പട്ടാളം ഭരണം കൈമാറി. 2023ൽ പൊതുതെരഞ്ഞെടുപ്പ്‌ നടത്തി ഭൂരിപക്ഷം ലഭിക്കുന്നവർ സർക്കാർ രൂപീകരിക്കാനായിരുന്നു ധാരണ. ഇതിന്‌ തൊട്ടുമുമ്പായി പട്ടാളം നടത്തിയ അട്ടിമറി രാജ്യത്തെ ജനാധിപത്യ പുനഃസ്ഥാപന ശ്രമങ്ങൾക്ക്‌ തിരിച്ചടിയായി. പട്ടാളം ഭരണത്തിൽനിന്ന്‌ പൂർണമായും പിന്മാറണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button